Continue reading “വെള്ളാപ്പള്ളിയെ കുളത്തിലാക്കിയതിന് ആര്‍.എസ്.എസിനും അമിത് ഷായ്ക്കും നന്ദി”

" /> Continue reading “വെള്ളാപ്പള്ളിയെ കുളത്തിലാക്കിയതിന് ആര്‍.എസ്.എസിനും അമിത് ഷായ്ക്കും നന്ദി”

"> Continue reading “വെള്ളാപ്പള്ളിയെ കുളത്തിലാക്കിയതിന് ആര്‍.എസ്.എസിനും അമിത് ഷായ്ക്കും നന്ദി”

">

UPDATES

വെള്ളാപ്പള്ളിയെ കുളത്തിലാക്കിയതിന് ആര്‍.എസ്.എസിനും അമിത് ഷായ്ക്കും നന്ദി

                       

അപ്പങ്ങള്‍ എമ്പാടും ചുട്ടുനടന്ന് കച്ചവടം പൊട്ടിയ അമ്മായിയുടെ സ്ഥിതിയിലാണ് സംഘവും ഷായും. ചുട്ടത് മരുമകനു വേണ്ടി. ഒടുവില്‍ വട്ടായിപ്പോയതും മരുമകന്‍ തന്നെ. അമ്മായിയാണെങ്കില്‍ കടപൂട്ടി, സ്ഥലം വിട്ടു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരു നൂലില്‍ കോര്‍ത്ത് വിശാല ഹിന്ദു ഐക്യത്തിലൂടെ കേരളത്തില്‍ താമര വിരിയിക്കാമെന്ന മോഹം ചാപിള്ളയായി. താമര വിരിയുന്നത് കാണമെങ്കില്‍ കളിയിക്കാവിള കഴിയണം. അവിടെ റോഡിന്റെ ഇരുവശത്തും താരമക്കുളങ്ങള്‍ ഉണ്ട്.

കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, താമരയുടെ അമരക്കാരനായി വെള്ളാപ്പള്ളി നടേശനെ പ്രതിഷ്ഠിക്കാനും (കേന്ദ്രത്തിലും അവര്‍ണ്ണന്‍, കേരളത്തിലും അവര്‍ണ്ണന്‍. ആര്‍.എസ്.എസ്. ബ്രാഹ്മണന്റെയാണെന്ന് ആരു പറഞ്ഞു!) കേരളത്തിലെ മുഖ്യമന്ത്രിയായി കണിച്ചുകുളങ്ങരയിലെ പ്രമുഖ വ്യവസായിയെ മാറ്റാനും തദ്വാരാ ബി.ജെ.പിയുടെ ബാലികേറാമലയായ കേരളത്തിന് താമരഹാരം അണിയിക്കാനുമുള്ള സുന്ദരസ്വപ്നമാണ് നവദ്വാരങ്ങളിലൂടെയും കാറ്റുപോയി സമാധിയായിക്കിടക്കുന്നത്. ശവമടക്കിനുപോലും ആളില്ലാത്ത സ്ഥിതിയാണ്.

ഉത്തരേന്ത്യന്‍ നരവംശശാസ്ത്രം ജാതിയുടെ dialectis-ലൂടെ കണ്ട് ഇക്കാലമത്രയും സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തി വിജയിച്ച അമിത്ഷായ്ക്ക് കേരളത്തിലെ ആദ്യ ചുവടുതന്നെ പിഴച്ചു.  നവംബറില്‍ വെള്ളാപ്പള്ളിയെ അര്‍ജ്ജുനനാക്കി തേരാളിയായ കൃഷ്ണനായി സംഘം തന്നെ ഇരുന്നു നടത്താന്‍ ഉദ്ദേശിച്ച രഥയാത്രയുടെ രഥത്തിന്റെ ചക്രം രണ്ടും ഊരിപ്പോയ സ്ഥിതിയാണ്. കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന്‍ നിരായുധനായി നില്‍ക്കുന്നു എന്നതു മാത്രമല്ല പ്രത്യേകത. അര്‍ജ്ജുനനു ചുറ്റും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ ചേകവന്‍മാര്‍ ഊരിയവാളും ഉറുമിയുമൊക്കെയായി നില്‍ക്കുകയാണ്. ഒരു ചുവടു മുന്നോട്ടുവച്ചാല്‍ തലപുല്ലുതിന്നും. രക്ഷകനായ കൃഷ്ണനാകട്ടെ, മായാവിയായി നാടുവിട്ടു. പണ്ട് ജരാസന്ധനെ പേടിച്ച് മഥുരവിട്ടതുപോലെ. പാവം അര്‍ജ്ജുനന്‍, എന്തൊരു പോരാളിയായിരുന്നു! എന്തൊരു ശൗര്യം!

എസ്.എന്‍.ഡി.പി. നേതാവു മാത്രമായിരിക്കെ വെള്ളാപ്പള്ളിയുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കുടപിടിച്ച രാഷ്ട്രീയനേതാക്കളാണ് ഇന്ന് വെള്ളാപ്പള്ളിയുടേയും മകന്റെയും കഴുത്തില്‍ ഉറുമി ചുറ്റിയിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ മോഹമുണ്ടായതാണ് കാരണം. കൊത്തിക്കൊത്തി മുറത്തില്‍ കേറി കൊത്താന്‍ തുടങ്ങിയാല്‍ എത്ര ലക്ഷണമൊത്ത പൂവനാണെങ്കിലും അവന്റെ കഴുത്തറുത്ത്, പൂടപറിച്ച്, കറിയാക്കി സേവിക്കാത്തവരായി ആരുണ്ട്? അത്രെയൊക്കെയേ കോണ്‍ഗ്രസ് പാര്‍ട്ടിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചെയ്തുള്ളു. പക്ഷെ, പൂവനെ അങ്ങനെ  കൊത്തിക്കൊത്തി വളരാന്‍ അനുവദിച്ചത് ഇവര്‍ തന്നെയല്ലേ?

വാസ്തവത്തില്‍, ബി.ജെ.പി. – വെള്ളാപ്പള്ളി തമ്മില്‍ തീര്‍ത്ത ‘ഇഴബന്ധ’ത്തെ തുടര്‍ന്ന് പുറത്തുവന്നത് ഇതാണ്. ഒരുപാടുപേരുടെ ചെമ്പ് തെളിഞ്ഞു. കള്ളനു കഞ്ഞിവച്ചുപോന്ന നമ്മുടെ രാഷ്ട്രീയ നേതാക്കള്‍. പുണ്യവാളന്‍ ആന്റണി മുതല്‍ ജനനായകന്‍ വി.എസ്. വരെ ആക്കൂട്ടത്തില്‍പ്പെടും. പിണറായി വിജയന്‍ മുതല്‍ വി.എം.സുധീരന്‍ വരെയും കൊടിയേരി മുതല്‍ തിരുവഞ്ചൂര്‍ വരെ അക്കൂട്ടത്തില്‍പ്പെടും.

വെള്ളാപ്പള്ളിയ്‌ക്കെതിരെ ത്രിശൂലമേന്തിയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നില്‍ക്കുന്നത്. വി.എസ് വക ശത്രുസംഹാരവഴിപാടുകളായ നിയമന കോഴവിവാദവും മൈക്രോഫിനാന്‍സ് തരികിടയും, ബിജുരമേശിന്റെ ശത്രുസംഹാര പൂജയായ ശാശ്വതീകാനന്ദന്റെ മരണവും.

എസ്.എന്‍. സ്‌കൂളുകളിലേയും കോളേജുകളിലെയും കോഴവഴി വെള്ളാപ്പള്ളി കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം 100 കോടി ഉണ്ടാക്കിയെന്നും അതിന്റെ കണക്ക് എസ്.എന്‍ ട്രസ്റ്റില്‍ കാണിച്ചിട്ടില്ല എന്നുമാണ് ഒരു ആരോപണം. മൈക്രോ ഫിനാന്‍സ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ തുകയും കുറഞ്ഞനിരക്കിലുള്ള ബാങ്ക് വായ്പ്പയും കൂടിയ പലിശയ്ക്ക് പാവപ്പെട്ടവര്‍ക്കു നല്‍കി കോടിക്കണക്കിനു രൂപ കള്ളപ്പണമാക്കി മാറ്റി എന്നതാണ് അടുത്ത ആരോപണം. രണ്ടും പണസംബന്ധമായ വിഷയങ്ങളാണ്. കേരളത്തില്‍ അതൊന്നും വലിയ ചര്‍ച്ചയാകുമെന്ന് ആരും കരുതിയില്ല. ആരോപണങ്ങള്‍ ഉന്നയിച്ച വി.എസ്സുപോലും. കാരണം, എത്രയോ കോഴ ആരോപണങ്ങള്‍ വിജിലന്‍സ് തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു.

എന്നാല്‍, ബിജുരമേശ് ഉന്നയിച്ച ആരോപണം അതല്ല. ശിവഗിരി മഠാധിപതിയും ഒരു കാലത്ത് കേരളത്തിലെ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള സന്യാസിയുമായിരുന്ന ശാശ്വതീകാനന്ദനെ വെള്ളാപ്പള്ളിയും മകനും ചേര്‍ന്ന് കൊല്ലിച്ചതാണെന്നതാണ് അത്യധികം മൂര്‍ച്ചയുള്ള ആ ആയുധം.  (ഒക്‌ടോബര്‍ 7 ലെ എന്റെ കഴിഞ്ഞ ലേഖനത്തില്‍ ഞാനത് ചൂണ്ടിക്കാട്ടിയിരുന്നു.) 2002 ലാണ് ശാശ്വതീകാനന്ദന്‍ പെരിയാറില്‍ മുങ്ങിമരിച്ചത്. പുഴ കുറുകെ നീന്താനറിയാവുന്ന ശാശ്വതീകാനന്ദന്‍ കാലുതെറ്റി പുഴയില്‍ വീണു മരിച്ചു എന്ന വാര്‍ത്ത അന്നു തന്നെ പലരും വിശ്വസിച്ചില്ല. മരണം കൊലപാതകമാണെന്നും സത്യം അന്വേഷിക്കണമെന്നും കാണിച്ച് ശാശ്വതീകാനന്ദന്റെ സഹോദരങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയ്ക്ക് പരാതി നല്‍കിയിരുന്നു. പത്തുകൊല്ലത്തെ അന്വേഷണത്തിനു ശേഷം 2013-ല്‍, കേസ് അടിസ്ഥാനരഹിതമാണെന്ന് റഫര്‍ ചെയ്തു. ആന്റണിക്കുശേഷം ഉമ്മന്‍ചാണ്ടിയും പിന്നെ വി.എസും വീണ്ടും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായി. പക്ഷെ, ഈ കാലയളവിലൊന്നും ശാശ്വതീകാനന്ദന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നില്ലായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍ കാണിക്കുന്നത്. റഫര്‍ ചെയ്ത കേസില്‍ പോലും കുറ്റകൃത്യത്തിന് പുതിയ മാനം നല്‍കുന്ന വെളിപ്പെടുത്തലുകളോ തെളിവുകളോ ഉണ്ടായാല്‍, ക്രിമിനല്‍ നടപടി ചട്ടം 173 (8) പ്രകാരം തുടര്‍ അന്വേഷണത്തിന് (further investigation) കോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും, ഇതൊരു കൊലപാതക കേസ് ആകുമ്പോള്‍. പ്രത്യേകിച്ചും, ആരോപണവിധേയരായവര്‍ സമൂഹത്തില്‍ ഏറെ സ്വാധീനമുള്ളവരാകയാല്‍. എന്നാല്‍, രമേശ് ചെന്നിത്തല പത്രക്കാരോട് സംസാരിക്കുന്നതല്ലാതെ നിയമത്തെ നിയമത്തിന്റെ വഴിയ്ക്കു വിടുന്നില്ല. തന്റെ മുന്‍ഗാമികള്‍ ചെയ്തതൊക്കെ തന്നെയാണ് ചെന്നിത്തലയും ചെയ്യുന്നത്. (ഇനി, തുടര്‍ അന്വേഷണത്തിനു വിട്ടാല്‍ത്തന്നെ, അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.)

ശാശ്വതീകാനന്ദന്റേത് കൊലപാതകമായിരുന്നു എന്നും, കേസന്വേഷണം ആന്റണിയും വെള്ളാപ്പള്ളിയും ചേര്‍ന്ന് അട്ടിമറിച്ചുവെന്നുമാണ് ശാശ്വതീകാനന്ദന്റെ സുഹൃത്തായ ബിസിനസ്സുകാരന്‍ രവി പറയുന്നത്. ഇത് തള്ളിക്കളയാനാകില്ല, കാരണം, മരണം നടന്നത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ദുരൂഹത നിറഞ്ഞ മരണം – മരിച്ചയാള്‍ ഒരു സന്യാസിയും സമൂഹത്തില്‍ വന്‍ സ്വാധീനമുള്ളയാളുമാണെന്നിരിക്കെ; മരണത്തെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമായിരിക്കെ പഴുതുകളില്ലാത്ത വിധം അന്വേഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനു പകരം അന്വേഷണം ആന്റണി അട്ടിമറിക്കുകയായിരുന്നു എന്നുപറയാന്‍ കാരണങ്ങള്‍ പലതാണ്.

ഒന്ന്, നീന്തല്‍ വിദഗ്ദ്ധനായ ശാശ്വതീകാനന്ദന്‍ മുങ്ങിമരിക്കാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ പുഴയില്‍ വച്ച് അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായിരുന്നിരിക്കണം. ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ടിലില്ല.

രണ്ട്, പടിക്കെട്ടുള്ള കടവില്‍ രക്തം കിടന്നിരുന്നു. പുഴയില്‍ വച്ച് ശാശ്വതീകാനന്ദനെ പുറത്തെടുക്കുന്ന നേരത്തു തന്നെ ഈ രക്തം ഉണ്ടായിരുന്നു. അത് ആരുടെയെങ്കിലും കാലുതട്ടിമുറിഞ്ഞതുകാരണമാകാം എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ രക്തം ശാശ്വതീകാനന്ദന്റേതു തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ഈ രക്തം എങ്ങനെ അവിടെ വന്നു?

മൂന്ന്, ശാശ്വതീകാനന്ദന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട എന്ന് വെള്ളാപ്പള്ളി ആദ്യം ശാഠ്യം പിടിച്ചതെന്തിന്?

നാല്, പുഴയില്‍ നിന്നെടുത്ത ശാശ്വതീകാനന്ദന്റെ വയറില്‍ നിന്ന് വെള്ളം പുറത്തുകളയാന്‍  വേണ്ടി ശ്രമിച്ചപ്പോള്‍ വായില്‍ കൂടി പുറത്തുവന്നത് അല്‍പനേരത്തിനു മുമ്പ് കഴിച്ച പാലും കോണ്‍ഫ്‌ളക്‌സുമായിരുന്നു. വെള്ളം തീരെ വന്നില്ല. വെള്ളം കുടിച്ചു മരിച്ചു എന്ന് പറയുന്നത്, അതുകൊണ്ടു തന്നെ തെറ്റല്ലേ?

അഞ്ച്, ശാശ്വതീകാനന്ദനുമായി വ്യക്തിപരമായി ശത്രുത ഉണ്ടായിരുന്ന ഡോ. സോമന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതില്‍ ചില പൊരുത്തക്കേടില്ലേ? പ്രത്യേകിച്ചും, അതേ സോമനെ തന്നെ പിന്നീട് എസ്.എന്‍.ഡി.പി.യുടെ പ്രസിഡന്റാക്കി വെള്ളാപ്പള്ളി മാറ്റിയപ്പോള്‍.

ആറ്, ശാശ്വതീകാനന്ദനും വെള്ളാപ്പള്ളിയുമായി തെറ്റിയെന്നും ദുബൈയില്‍ വച്ച് തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദനെ അടിച്ചു എന്നും അക്കാര്യം ശാശ്വതീകാനന്ദന്‍ തന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞു എന്നും അന്നേ കേട്ടിരുന്നു. ദുബൈയില്‍ നിന്ന് തിരിച്ചുവന്ന് നാളുകള്‍ക്കുള്ളില്‍ തന്നെ ശാശ്വതീകാനന്ദന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

നാടുഭരിക്കുന്ന ഏതൊരു ഭരണാധികാരിക്കും സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കാനും അതു വേണ്ടവിധം നടത്താനുമുള്ള അവസരം ഒരുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. എന്നാല്‍, ആ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നു മാത്രമല്ല, അന്വേഷണത്തെ തന്നെ വെള്ളാപ്പള്ളിയ്ക്കു വേണ്ടി മുഖ്യമന്ത്രിയായിരുന്ന ആന്റണി അട്ടിമറിച്ചു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. തെറ്റുകള്‍ ആവശ്യംപോലെ ചെയ്യുകയും 20 വര്‍ഷം കഴിഞ്ഞ് അതേറ്റു പറഞ്ഞ് കുമ്പസരിച്ചു മാന്യനാകുന്ന ആന്റണി ഇക്കാര്യത്തിലും തെറ്റ് ഏറ്റുപറയേണ്ടതുണ്ട്. ഒരു പക്ഷെ, അതിന് ഇനിയും ഏഴ് വര്‍ഷങ്ങള്‍ കൂടി കഴിയണമായിരിക്കും!

അടുത്ത മുഖ്യമന്ത്രിയായി വന്ന വി.എസും ഇതിനൊക്കെ മൗനാനുവാദം കൊടുക്കുകയായിരുന്നു; ആഭ്യന്തരം കയ്യാളിയത് കോടിയേരിയായിരുന്നു എങ്കിലും. മാത്രമല്ല, ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിപക്ഷനേതാവായിരുന്നു വി.എസ്. എന്തുകൊണ്ടാണ് അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് വാശിപിടിക്കാതിരുന്നത്? ബാലകൃഷ്ണപിള്ളയെ വിടാതെ പിന്തുടര്‍ന്ന് ശിക്ഷ വാങ്ങിക്കൊടുത്ത വി.എസ്സില്‍ നിന്നും, കുഞ്ഞാലിക്കുട്ടിയുടെ പിറകെ ഇപ്പോഴും നടക്കുന്ന വി.എസ്സില്‍ നിന്നും, എന്തുകൊണ്ടാണ് അത്തരമൊരു സമീപനം ശാശ്വതീകാനന്ദന്റെ  അസ്വാഭാവിക മരണത്തിന്റെ കാര്യത്തില്‍ ഉണ്ടാകാതെ പോയത്?

പിന്നീടു വന്ന ഉമ്മന്‍ചാണ്ടി ഇക്കാര്യത്തിലൊക്കെ മൗനം പാലിച്ചതും (ഇപ്പോഴും പാലിക്കുന്നതും) മനസ്സിലാക്കാം. സത്യസന്ധമായ അന്വേഷണം വന്നാല്‍ ഒന്നിലേറെ കേസുകള്‍ക്കായി ശിഷ്ടകാലം മുഴുവന്‍ കോടതികളിലോ ജയിലിലോ കഴിയേണ്ട യോഗ്യതയുള്ള ഒരു മാന്യദേഹമാണ് ഉമ്മന്‍ചാണ്ടി. അക്കാലത്ത് ആഭ്യന്തരം കയ്യാളിയിരുന്ന തിരുവഞ്ചൂരോ? ടി.പി. വധത്തിന്റെ പിന്നിലെ യഥാര്‍ത്ഥ പ്രതികളെക്കുറിച്ചുള്ള തെളിവുകള്‍ കൈയ്യില്‍വച്ച്, അവര്‍ക്കെതിരെ അന്വേഷണത്തിനു മുതിരാതെ, അവരെക്കൊണ്ട് സര്‍ക്കാരിനെതിരെ സമരം ചെയ്യാതിരിക്കാനുള്ള ആയുധമാക്കി അതേ  തെളിവുകള്‍ മാറ്റിയെടുത്ത വക്രബുദ്ധിയാണദ്ദേഹം. സെക്രട്ടേറിയേറ്റ് വളയല്‍ സമരം തിരുവഞ്ചൂര്‍ പൊളിച്ചത് ഒറ്റ രാത്രികൊണ്ടായിരുന്നു. ടി.പി.യുടെ വധത്തിനു മുമ്പും പിമ്പും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതരായ ചില നേതാക്കള്‍ തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ്, വാസ്തവത്തില്‍, കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഇടതുപക്ഷം നടത്തിയ സകല സമരങ്ങളും പൊളിയാന്‍ കാരണം.

ഇടതിന്റെയും വലതിന്റെയും കാര്യം വിടാം. അവര്‍ തമ്മില്‍ കൊടിയുടെ വ്യത്യാസം മാത്രമേയുള്ളു. എന്നാല്‍, ബി.ജെ.പി.യുടെ കാര്യമതല്ലല്ലോ; കൊല്ലപ്പെട്ടുവെന്നു പറയുന്നത് സന്യാസിയല്ലേ? മഠാധിപതിയായിരുന്നില്ലേ? വേദാന്തിയായിരുന്നില്ലേ? അദ്വൈത പണ്ഡിതനായിരുന്നില്ലേ? ആര്‍ഷഭാരത സംസ്‌കാരം എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ അതിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സന്യാസിമാരുടെ ദുര്‍മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതല്ലേ? മരണം നടക്കുന്ന സമയത്തും ഇവിടെ ബി.ജെ.പി.യുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എപ്പോഴെങ്കിലും ഇവരൊന്നു മിണ്ടണ്ടേ? ബീഫ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന തെറ്റായ വാര്‍ത്തയുടെ പുറത്ത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ കാണിച്ച താല്‍പ്പര്യത്തിന്റെ പത്തിലൊന്നാണെങ്കിലും ഒരു സന്യാസിയുടെ കൊലപാതകത്തിനു പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരാന്‍ ഉണ്ടാകേണ്ടതല്ലേ? അതിനവര്‍ക്ക് കഴിയില്ല. കാരണം അമിത്ഷാ സംസ്ഥാന ഘടകത്തെ തൂക്കിവിറ്റത് വെള്ളാപ്പള്ളിക്കാണ്. ആരോപണം ഉയരുന്നതും വെള്ളാപ്പള്ളിക്കെതിരെയാണ്. അമിത്ഷാ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്ത സ്ഥിതിക്ക് ബി.ജെ.പി. സംസ്ഥാന ഘടകത്തിന്റെ മുതലാളി ഇപ്പോഴും വെള്ളാപ്പള്ളിയാണ്. മുതലാളിയെ സംരക്ഷിക്കുക എന്നതല്ലേ ഉത്തമമായ മുതലാളി – തൊഴിലാളി ബന്ധത്തിന്റെ മര്‍മ്മം?

വെള്ളാപ്പള്ളിയുടെ രഥയാത്ര ഇനി നടക്കില്ല. കാരണം രഥയാത്ര തുടങ്ങിയാല്‍, അത് അവസാനിക്കുന്നതിനു മുമ്പ് അറസ്റ്റ് ഉണ്ടായേക്കാം. കാര്യങ്ങള്‍ ആ വിധം കൊണ്ടെത്തിക്കാന്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. (കേരളത്തില്‍ ഇത്തരം യാത്രകളൊന്നും ശുഭപര്യവസായിയായിട്ടില്ല. പിണറായി വിജയന്റെ യാത്ര അവസാനിക്കുന്നതിനു മുമ്പ്  തന്നെ ലാവ്‌ലിനില്‍ സി.ബി.ഐ. അന്വേഷണം വന്നു. ചെന്നിത്തല യാത്രകഴിഞ്ഞ് എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ തകരച്ചെണ്ടയാക്കി മാറ്റി. സുധീരന്റെ യാത്രയ്ക്കിടയില്‍ വച്ച് ബാര്‍ നിരോധിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സുധീരന്റെ തലയ്ക്കുമുകളിലൂടെ യുദ്ധം ജയിച്ചു.)

രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ അമിത്ഷാ കണ്ടുപിടിച്ചയാള്‍ അതിനുപറ്റിയയാള്‍ തന്നെ. മനുഷ്യരെ ശ്വസിക്കാന്‍ പഠിപ്പിച്ച് കാശുണ്ടാക്കിയ സന്യാസി ശ്രേഷ്ഠന്‍. കള്ളുകച്ചവടത്തില്‍ വെള്ളാപ്പള്ളി എന്താണോ, അതാണ് ആത്മീയതയുടെ കച്ചവടത്തില്‍ രവിശങ്കര്‍ (ശ്രീശ്രീ എന്നു കൂടി ചേര്‍ത്തുവായിച്ചുകൊള്ളണം). പണ്ട് ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് വാദിച്ച സന്യാസിയാണ് ഇഷ്ടന്‍. സന്യാസിക്ക് ജാതിയും മതവും ദേശവും കാലവും ഇല്ലെന്ന് ഈ കോമാളികള്‍ എന്നാണ് മനസ്സിലാക്കുക!

ഒടുവില്‍, ചിത്രത്തില്‍ തെളിയുന്നത് ഇതാണ്. വെള്ളാപ്പള്ളി അഴിമതി നടത്തിയിരിക്കാം. കള്ളപ്പണം സ്വിസ് ബാങ്കില്‍ ഇട്ടിട്ടുണ്ടായിരിക്കാം. മൈക്രോ ഫിനാന്‍സിന്റെ കാര്യത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടായിരിക്കാം. ശാശ്വതീകാനന്ദന്റെ അസ്വാഭാവിക മരണത്തില്‍ കൈയ്യുണ്ടായിരിക്കാം. അപ്പോഴും, അയാളേക്കാള്‍, അയാള്‍ ചെയ്തു എന്നു പറയുന്ന എല്ലാ പാതകങ്ങളേക്കാള്‍ വലിയ പാതകം ചെയ്തത് നമ്മുടെ ഇടതു-വലതു രാഷ്ട്രീയനേതാക്കളല്ലേ? ആന്റണി മുതല്‍ സുധീരന്‍ വരെ; ഉമ്മന്‍ചാണ്ടി മുതല്‍ ചെന്നിത്തല വരെ; വി.എസ്. മുതല്‍ പിണറായിയും കോടിയേരിയും വരെ; ഒ. രാജഗോപാല്‍ മുതല്‍ വി.മുരളീധരന്‍ വരെ? ആരാണ് വലിയ കള്ളന്‍? പോക്കറ്റടിക്കാരനോ അതോ പോക്കറ്റടിക്കാരനു വേണ്ട സകല ഒത്താശകളും ചെയ്തുകൊടുത്ത് അതിന്റെ പങ്കുപറ്റുന്ന പോലീസുകാരനോ? വെള്ളാപ്പള്ളിയില്‍ നിന്ന് കേരളത്തിന് മോചനം ഉടന്‍ തന്നെ കിട്ടും. പക്ഷെ, ഈ രാഷ്ട്രീയ നേതാക്കളില്‍ നിന്നോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share on

മറ്റുവാര്‍ത്തകള്‍