Continue reading “ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: ആരോപണവുമായി കെജ്‌രിവാള്‍”

" /> Continue reading “ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: ആരോപണവുമായി കെജ്‌രിവാള്‍”

"> Continue reading “ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: ആരോപണവുമായി കെജ്‌രിവാള്‍”

">

UPDATES

ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: ആരോപണവുമായി കെജ്‌രിവാള്‍

                       

അഴിമുഖം പ്രതിനിധി

 

രാജ്യത്തെ ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ആരോപണം തെറ്റാണെന്നും ജുഡീഷ്യറി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാദ്ധരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതി സുവര്‍ണ ജൂബില ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ തുടങ്ങിയവരടക്കം പങ്കെടുക്കുന്ന യോഗമായിരുന്നു ഇത്.

 

ജഡ്ജിമാരുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നതായി വ്യാപകമായ പേടി ഉയര്‍ന്നിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ രാജ്യത്തെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജഡ്ജിമാരുമായുള്ള മീറ്റിംഗില്‍ വച്ചാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഫോണില്‍ പരസ്പരം സംസാരിക്കാന്‍ പറ്റില്ലെന്നും അത് ചോര്‍ത്തുന്നുണ്ടെന്നും ജഡ്ജിമാര്‍ തമ്മില്‍ സംസാരിക്കുന്നത് താന്‍ കേള്‍ക്കുകയായിരുന്നു. ജഡ്ജിമാരുടെ ഫോണുകള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ എല്ലാ ഫോണുകളും ചോര്‍ത്താന്‍ കഴിയുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തതു. ഇത് ശരിയാണോ എന്ന് തനിക്കറിയില്ല. എന്നാല്‍ അത്തരമൊരു ഭയം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഫോണുകള്‍ ചോര്‍ത്തപ്പെടുകയാണെങ്കില്‍ ജഡ്ജിമാര്‍ സ്വാധീനത്തിന് വഴിപ്പെടാന്‍ സാധ്യതയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജഡ്ജിമാര്‍ ഏതെങ്കിലും വിധത്തില്‍ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്നും ഫോണ്‍ ചോര്‍ത്തുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്രാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ കെജ്‌രിവാളിനു ശേഷം സംസാരിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി താനാണ് നിയമമന്ത്രി. ജഡ്ജിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം താന്‍ പൂര്‍ണമായി നിഷേധിക്കുന്നു. ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമൊരുക്കുകയാണ് പ്രധാനമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 

ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നതു സംബന്ധിച്ചും കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പ് ജഡ്ജിമാരുടെ പേരുവിവരങ്ങള്‍ സുപ്രീം കോടതി കൊളീജിയം കൈമാറിയിട്ടും ഇതില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. ചില മന്ത്രിമാര്‍ക്ക് അവര്‍ക്ക് താത്പര്യമുള്ളവരെ ജഡ്ജിമാരായി നിയമിക്കാനാണിത്. എന്നാല്‍ ഇതിനോട് എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് ഈ വൈകിപ്പിക്കല്‍ എന്നും കെജ്‌രിവാള്‍ ആരോപിച്ചു.

 

 

Share on

മറ്റുവാര്‍ത്തകള്‍