UPDATES

കഴിഞ്ഞ രണ്ട് വർഷത്തിടെ, കൃത്യമായി പറഞ്ഞാൽ കോവിഡ് മഹാമാരിയുടെ കാലത്ത്, ഇന്ത്യയിൽ നിന്നുള്ള ബഹുരാഷ്ട്ര കുത്തക കമ്പിനിയായ അദാനി ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നമായ കമ്പിനികളിലൊന്നായി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥൻ ഗൗതം അദാനി കഴിഞ്ഞ വർഷം സെപ്തംബറിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായി. ടെസ്‌ല, സ്‌പേയ്‌സ് എക്‌സ് സി.ഇ.ഒ എലൊൻ മസ്‌കിന് തൊട്ടുപിന്നിൽ ഗൗതം അദാനി എത്തിയത് ആമസോണിന്റെ ജെഫ് ബെസോസിനേയും ആഢംബര വ്യവസായത്തിൻെ അവസാന വാക്കായ എൽ.വി.എം.എച്ചിന്റെ ബെർനാഡ് ആർനോൾട്ടിനേയും മറികടന്നാണ്. അതിനിടെ ആർനോൾട്ട് പിന്നേയും മുന്നോട്ട് പോയെങ്കിലും എലൊൻ മസ്‌കിനെ പിൻതള്ളി ഗൗതം അദാനി വീണ്ടും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാകുമെന്ന് 2023 ജനവരിയിൽ ഫോബ്‌സ് മാഗസിൻ അടക്കം പ്രവചിച്ചു. അപ്പോഴാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്താകുന്നത്.

ആഗോള കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഗൗതം അദാനി നടത്തിയത് എന്ന് രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ട് ആരോപിക്കുന്നു. ഓഹരി വിപണിയിലെ തട്ടിപ്പുകൾ, അക്കൗണ്ടുകളിലെ ക്രമക്കേടുകൾ, അദാനി ഗ്രൂപ്പ് തന്നെ നിയന്ത്രിക്കുന്ന വിദേശ ഷെൽ കമ്പിനികൾ വഴി കമ്പിനികളുടെ ഓഹരികൾ നിയന്ത്രിക്കുക, സ്വന്തം സ്വത്തുവഹകളുടെ മൂല്യം വ്യാജമായി വൻതോതിൽ ഉയർത്തിക്കാണിക്കുക തുടങ്ങി പല ആരോപണങ്ങളും ഗൗതം അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉന്നയിച്ചു. 2.2 ലക്ഷം കോടിയോളം രൂപയുടെ വായ്പ ഇത്തരത്തിൽ വ്യാജമായി ഉയർത്തിക്കാണിച്ച വസ്തുവഹങ്ങളുടെ പേരിൽ കമ്പിനി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഈ തുക അവർ തിരിച്ചടിച്ചില്ലെങ്കിൽ പോലും ബാങ്കുകൾക്ക് ആ കടം തിരിച്ച് പിടിക്കാനാവില്ലെന്നും ഈ റിപ്പോർട്ട് പറയുന്നു.

ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്കും ബോണ്ടുകൾക്കും ഓഹരി വിപണിയിൽ വൻ തിരിച്ചടിയുണ്ടായി. 103 ബില്യൺ ഡോളറിന്റെ ഇടവാണ് സംഭവിച്ചതെന്ന് ഫിനാൻഷ്യൽ പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യയിലെ പോലും ഏറ്റവും വലിയ സമ്പന്നൻ എന്ന അവസ്ഥയിൽ നിന്ന് ഗൗതം അദാനി പുറകിലേയ്ക്ക് പോയി. 2023 ജനവരി 29-ന് 413 പേജുള്ള ഒരു മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. അതിൽ ഒരു വരി മാത്രമായിരുന്നു പ്രധാനം. 'ഇന്ത്യയ്ക്ക് നേരെയും ഇന്ത്യൻ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഗുണനിലവാരം എന്നിവയ്ക്ക് എതിരേയും ഇന്ത്യയുടെ വളർച്ചാഗാഥകൾക്കും ഉത്കർഷേച്ഛയ്ക്കും എതിരെയും ഉള്ള കരുതിക്കൂട്ടിയുള്ള ആക്രമണം ആണിത്'.

ഇതിന് ശേഷം മോഡി സർക്കാർ ഏതെല്ലാം തരത്തിൽ അദാനി ഗ്രൂപ്പിനെ സഹായിച്ചുവെന്നത് രാജ്യത്തുടനീളം ചർച്ചയാണ്. രാഹുൽഗാന്ധി ഇക്കാര്യം പല വട്ടം പാർല്യമെന്റിനകത്തും പുറത്തും ഉന്നയിച്ചു. ഇന്ത്യയിലും ശ്രീലങ്ക, ഓസ്‌ട്രേല്യ എന്നിവിടങ്ങളിലും അദാനി ഗ്രൂപ്പിന് കരാറുകൾ ഇട്ടാൻ മോഡി സർക്കാർ ഇടപെട്ടുവെന്ന ആരോപണത്തിന് മുതൽ 20000 കോടി രൂപ അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പിനികളിൽ നിക്ഷേപം നടത്തിയ ആളാരാണ് എന്ന ചോദ്യത്തിന് വരെ ഉത്തരം ലഭിച്ചിട്ടില്ല. പാർല്യമെന്റിൽ പ്രധാനന്ത്രി മോഡിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള രാഹുൽഗാന്ധിയുടെ പ്രസംഗഭാഗങ്ങൾ രേഖകളിൽ നിന്ന് നീക്കി. രാഹുൽഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കുന്നതിലും അദ്ദേഹത്തിനെ ഔദ്യോഗിക വസതിയിൽ നിന്ന് കുടിയിറക്കുന്നതിലും വരെയെത്തി കാര്യങ്ങൾ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഗൗതം അദാനിക്കും തമ്മിലുള്ള ബന്ധമെന്താണ്? ഗുജാറാത്തിൽ നിന്ന് ഇരുവരും ഒരേകാലത്ത് വ്യവസായത്തിലും രാഷ്ട്രീയത്തിലും ഉയർന്നുവന്നുവെന്നത് മാത്രമാണോ? ചോദ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്. അദാനി ബിനിനസ് സാമ്രാജ്യത്തെ കുറിച്ചുള്ള വാർത്തകളുടെ അപ്‌ഡേറ്റുകളാണ് ഇവിടെ. അദാനി ബിസിനസ് സാമ്രാജ്യത്തിൽ എന്ത് സംഭവിക്കുന്നു? അതും മതേതര ജനാധിപത്യ റിപബ്ലിക് ആയ ഇന്ത്യയുടെ ഭരണവും തമ്മിലുള്ള ബന്ധമെന്ത്?

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്